മുംബൈ: പശ്ചിമ റെയിൽവേയുടെ കീഴിൽ ചർച്ച്ഗേറ്റ് മുതൽ വിരാർ വരെ പുതിയ ഭൂഗർഭ സബർബൻ റെയിൽപാത നിർമ്മിക്കാനുള്ള ആലോചനകൾ സജീവമാകുന്നു. ഇതിനായുള്ള പ്രാരംഭ സാധ്യതാ പഠനം (Feasibility study) ആരംഭിക്കുന്നതിനായി റെയിൽവേ ബോർഡിന്റെ ഫണ്ടിനായുള്ള കാത്തിരിപ്പിലാണ് പശ്ചിമ റെയിൽവേ അധികൃതർ.
ഫണ്ട് അനുമതി ലഭിച്ചാലുടൻ പദ്ധതിയുടെ സാധ്യതാ പഠനം ആരംഭിക്കുമെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പദ്ധതി പ്രായോഗികമാണെന്ന് കണ്ടെത്തിയാൽ മാത്രമേ തുടർന്ന് വിശദമായ പദ്ധതി രേഖ (DPR) തയ്യാറാക്കുകയുള്ളൂ. നിലവിൽ പ്രാഥമിക ഘട്ടത്തിലുള്ള ഈ പദ്ധതിയുടെ നിർമ്മാണ സമയപരിടോ മറ്റ് തീയതികളോ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
മുംബൈയിലെ സബർബൻ റെയിൽവേ ശൃംഖലയിൽ ദിവസേന യാത്രാക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പരിഹാരമെന്നോണം ഭൂഗർഭ റെയിൽപാത യാഥാർത്ഥ്യമായാൽ യാത്രാശേഷി ഗണ്യമായി വർദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, മുംബൈ റെയിൽ വികാസ് കോർപ്പറേഷനും (MRVC) ചർച്ച്ഗേറ്റ് – വിരാർ, സി.എസ്.എം.ടി – പരേൽ റൂട്ടുകളിലെ ഭൂഗർഭ റെയിൽ കണക്റ്റിവിറ്റിയെക്കുറിച്ച് സമാനമായ പഠനങ്ങൾ നടത്തിവരുന്നുണ്ട്.