തെരുവ് സമരങ്ങളും പൊതുജന ബുദ്ധിമുട്ടുകളും; സർക്കാരിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്

by WhatsUp Mumbai

മുംബൈ : മുംബൈയിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് സമരക്കാരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന ആരോപണത്തിൽ മഹാരാഷ്ട്ര സർക്കാരിനോട് വിശദീകരണം തേടി ബോംബെ ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എം.സി. ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെങ്കിലും, അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാകാൻ പാടില്ലെന്ന് കോടതി നിരീക്ഷിച്ചു. അഡ്വക്കേറ്റ് സാഗർ ദേവ്റെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയും, അഡ്വക്കേറ്റ് ആർ.വി. ഗോവിൽക്കർ, മിഹിർ ഗോവിൽക്കർ, മിഹിർ ദേശായി, ഗായത്രി സിംഗ് എന്നിവർ ഹാജരായ വിവിധ ഇടപെടൽ അപേക്ഷകളുമാണ് കോടതി പരിഗണിച്ചത്. നവംബർ 19-ലേക്ക് മാറ്റിയിരിക്കുന്ന കേസിൽ മറുപടി നൽകാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.

ഡൽഹിയിലെ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ ഒക്ടോബർ 10-നും 11-നും ഹുതാത്മ ചൗക്ക്, ശിവാജി പാർക്ക് എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധത്തിനിടെ സുഹൃത്തുക്കളും വിദ്യാർത്ഥികളും മുതിർന്ന പൗരന്മാരുമടക്കം അറസ്റ്റിലായെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. എന്നാൽ റോഡുകൾ പൂർണ്ണമായി തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് പൊലീസ് ഇടപെടൽ നടത്തിയതെന്നും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നുമാണ് അഡ്വക്കേറ്റ് ജനറൽ മിലിന്ദ് സാഥേ കോടതിയെ അറിയിച്ചത്.

You may also like