മുംബൈയിലെ ഹോട്ടലുകളിൽ ഭക്ഷണവില വർദ്ധിക്കുന്നു; മെനു നിരക്കുകൾ 10 മുതൽ 15 ശതമാനം വരെ ഉയർത്താൻ സാധ്യത

by WhatsUp Mumbai

മുംബൈ : മുംബൈയിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണവില വർദ്ധിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ട്. വരുന്ന ആഴ്ചകളിൽ മെനുവിലുള്ള നിരക്കുകൾ 10 മുതൽ 15 ശതമാനം വരെ ഉയർത്താൻ റെസ്റ്റോറന്റുകൾ തയ്യാറെടുക്കുന്നതായി ഇന്ത്യൻ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (AHAR) അറിയിച്ചു.

വാണിജ്യ സിലിണ്ടറുകളുടെയും പൈപ്പ് ഗ്യാസിന്റെയും വിലക്കയറ്റത്തിനൊപ്പം ഭക്ഷ്യവസ്തുക്കൾ, വാടക, ജീവനക്കാരുടെ വേതനം, മറ്റ് പ്രവർത്തനച്ചെലവുകൾ എന്നിവ ക്രമാതീതമായി വർദ്ധിച്ചതാണ് ഹോട്ടൽ ഉടമകളെ ഈ തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത്. പാൽ, പാൽ ഉൽപ്പന്നങ്ങൾ, പച്ചക്കറികൾ, പരിപ്പ് വർഗ്ഗങ്ങൾ, ഉള്ളി, ഭക്ഷ്യഎണ്ണകൾ എന്നിവയുടെ വിലയിലുണ്ടാകുന്ന തുടർച്ചയായ വർദ്ധനവ് ഹോട്ടലുകളുടെ പ്രവർത്തനച്ചെലവ് നിയന്ത്രിക്കുന്നത് ദുഷ്കരമാക്കുന്നുവെന്ന് അസോസിയേഷൻ വ്യക്തമാക്കുന്നു.

ലാഭം വർദ്ധിപ്പിക്കാനല്ല, മറിച്ച് വ്യവസായത്തിന്റെ നിലനിൽപ്പിനും നിലവാരമുള്ള സേവനങ്ങൾ തുടരുന്നതിനും വേണ്ടിയാണ് ഈ വിലവർദ്ധനവെന്ന് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, എല്ലാ റെസ്റ്റോറന്റുകളും ഒരേപോലെ വില കൂട്ടില്ലെന്നും, ഓരോ സ്ഥാപനത്തിന്റെയും ചെലവുകൾക്കും ആവശ്യകതകൾക്കും അനുസരിച്ചായിരിക്കും വിലയിൽ മാറ്റം വരുത്തുന്നതെന്നും അധികൃതർ അറിയിച്ചു.

You may also like