വ്യാജ വാഗ്ദാനത്തിൽ കുടുക്കി തട്ടിയെടുത്തത് ഒരു കോടി രൂപ; ക്രൂരമായ ബ്ലാക്ക്‌മെയിലിനെ തുടർന്ന് വിരാർ സ്വദേശിനി ജീവനൊടുക്കി

by WhatsUp Mumbai

വിരാർ : മഹാരാഷ്ട്രയിലെ വിരാറിൽ അഭിനയ മോഹം നൽകി യുവതിയെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ യുവതി ആത്മഹത്യ ചെയ്തു. വിരാർ വെസ്റ്റിലെ ഒലണ്ട നാക്ക പ്രദേശത്തിന് സമീപമാണ് വ്യാഴാഴ്ച പുലർച്ചെ 6:15-ഓടെ നളിനി എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പതിവ് പ്രഭാത സവാറിക്കായി പുറത്തിറങ്ങിയതായിരുന്നു അവർ.

വിരാറിൽ അമ്മയോടും സഹോദരനോടുമൊപ്പം താമസിച്ചിരുന്ന നളിനി വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവസ്ഥലത്തുനിന്നും പൊലീസ് ഒരു ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. കടുത്ത മാനസിക പീഡനവും ഭീഷണിയും കാരണമാണ് താൻ ഈ ജീവനൊടുക്കുന്നതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
​
വെബ് സീരീസുകളിലും ടിവി പരസ്യങ്ങളിലും അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ഇരുപത്തിയേഴുകാരനായ യോഗേഷ് മഹപ്കർ എന്ന സൗരഭ് പട്കി നളിനിയെ പരിചയപ്പെട്ടിരുന്നതായി അർണാല കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ സതീഷ് നിഗം വ്യക്തമാക്കി. ഭയന്ദറിലെ ഒരു ഫ്ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി പ്രതി രഹസ്യ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു നിരന്തരമായ പണം തട്ടിയത്.

​ഈ ഭീഷണിക്ക് വഴങ്ങി തന്റെ സ്വർണാഭരണങ്ങളും ബാങ്ക് സമ്പാദ്യവും വീട്ടിലെ വസ്തുവകകളും വിറ്റ് ഏകദേശം ഒരു കോടി രൂപയോളം പ്രതിക്ക് നൽകിയതായി നളിനിയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. എന്നാൽ പണം നൽകിയിട്ടും പ്രതിയുടെ ഭീഷണി തുടർന്നതോടെ മാനസികമായി തകർന്ന യുവതി ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.

സംഭവത്തിൽ അർണാല കോസ്റ്റൽ പൊലീസ് പ്രതിക്കെതിരെ പണം തട്ടിയെടുക്കൽ,ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള തുടർ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

You may also like