തന്റെ ക്രിക്കറ്റ് കരിയറും വ്യക്തിജീവിതവും തകർത്തെറിഞ്ഞേക്കാമായിരുന്ന മദ്യപാന ആസക്തിയെക്കുറിച്ച് മനസ് തുറന്ന് ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ യൂട്യൂബ് പോഡ്‌കാസ്റ്റിലാണ് താരം ഇതുസംബന്ധിച്ച തുറന്നുപറച്ചിലുകൾ നടത്തിയതൽ. വിവാഹമോചനത്തിനു ശേഷമുള്ള പ്രതിസന്ധികളും കടുത്ത മാനസിക സംഘർഷങ്ങളുമാണ് തന്റെ ജീവിതത്തിൽ മദ്യപാനം വർദ്ധിക്കാൻ കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
മദ്യപാനം എല്ലാ അതിരുകളും ലംഘിച്ചതോടെയാണ് കർശനമായ തീരുമാനത്തിലേക്ക് എത്തിയതെന്ന് യുസ്‌വേന്ദ്ര ചഹൽ പറയുന്നു. കൗണ്ടി ക്രിക്കറ്റിന് ശേഷം താൻ ഒരു റിഹാബ് സെന്ററിൽ പ്രവേശിക്കുകയും 26 ദിവസം അവിടെ തുടരുകയും ചെയ്തു. ഈ നിർണ്ണായക തീരുമാനം തന്റെ വ്യക്തിജീവിതത്തിലും മാനസിക പക്വതയിലും വലിയ മാറ്റങ്ങളുണ്ടാക്കിയെന്നും ഇപ്പോൾ വൈകാരികമായി സന്തുലിതാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ വിവാഹമോചനത്തിനു ശേഷമുള്ള അവസ്ഥകൾ മാനസിക നിലയെ ഗുരുതരമായി ബാധിച്ചിരുന്നുവെന്നും, മദ്യപാനം കരിയറിലെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റിനെ തന്നെ ഇല്ലാതാക്കുമെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അതിന് വിരാമമിട്ടതെന്നും യുസ്‌വേന്ദ്ര ചഹൽ വ്യക്തമാക്കി. ഈ പ്രതിസന്ധിക്കിടെ തനിക്ക് താങ്ങായി കുടുംബവും ഉറ്റസുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.
വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ പരസ്യ ചർച്ചയായത് കടുത്ത മാനസിക സംഘർഷങ്ങൾക്കും ഉത്കണ്ഠയ്ക്കും (Anxiety) പാനിക് അറ്റാക്കുകൾക്കും കാരണമായതായി യുസ്‌വേന്ദ്ര ചഹൽ തുറന്നുപറഞ്ഞു. അത്തരം സന്ദർഭങ്ങളിൽ തനിക്ക് സംസാരിക്കാൻ പോലും കഴിയാത്ത രീതിയിൽ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടെന്നും, തുടർന്ന് അനിരുദ്ധ് സർ എന്ന വ്യക്തിയോട് സംസാരിച്ച് താൻ ഒരു ഇടവേള ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് കൂടുതൽ സമാധാനപരമായ അവസ്ഥയിലാണ് താനെന്നും യുസ്‌വേന്ദ്ര ചഹൽ കൂട്ടിച്ചേർത്തു.