നടൻ ഇമ്രാൻ ഖാന് രാജ്യം വിടാൻ നോട്ടീസ്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആദിത്യ താക്കറെ

by WhatsUp Mumbai

മുംബൈ: ഒക്ടോബർ 28-നകം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടൻ ഇമ്രാൻ ഖാന് മുംബൈ പോലീസ് നോട്ടീസ് നൽകിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ രംഗത്ത്. സമരത്തിൽ പങ്കെടുത്തതാണോ ഇമ്രാൻ ഖാൻ ചെയ്ത കുറ്റമെന്ന് അദ്ദേഹം ചോദ്യം ചെയ്തു. മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി ആഹ്വാനം ചെയ്ത സമാധാനപരമായ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു എന്നതാണ് നടൻ ചെയ്ത ഏക തെറ്റെന്നും ആദിത്യ താക്കറെ കുറ്റപ്പെടുത്തി.

വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിനാണ് ഇമ്രാൻ ഖാന് പോലീസ് നോട്ടീസ് ലഭിച്ചത്. ഡൽഹി ജന്ദർമന്ദറിലെ പ്രതിഷേധത്തിനിടെ സൌരവ് ദാസ്, അശുതോഷ് റങ്ക എന്നീ പ്രവർത്തകരെ കരുതൽ തടങ്കലിൽ പാർപ്പിച്ചതിന് പിന്നാലെയാണ് ഒസിഐ (OCI) കാർഡ് ഉടമയായ ഇമ്രാൻ ഖാന് രാജ്യം വിടാൻ സർക്കാർ നോട്ടീസ് നൽകിയത്. ഭരണകൂടത്തിന്റെ ഇത്തരം നടപടികൾക്കെതിരെ എക്സ് പോസ്റ്റിലൂടെയാണ് ആദിത്യ താക്കറെ വിമർശനം ഉന്നയിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉത്തരവാദിത്തം ആവശ്യപ്പെട്ട് സമാധാനപരമായി പങ്കെടുത്ത പ്രതിഷേധത്തിൽ പങ്കാളിയായതിനാണ് നടനെതിരെ നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം, ഒക്ടോബർ 28-നകം രാജ്യം വിടാൻ ആവശ്യപ്പെട്ട് പോലീസ് നൽകിയ നോട്ടീസിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇമ്രാൻ ഖാൻ.

You may also like