വർണ്ണാഭമായ ചുവടുകളോടെ ‘നടനോത്സവം-4’ താനെ എഡിഷൻ ഒക്ടോബർ 18-ന് അരങ്ങേറും; നൃത്തകലയുടെ വസന്തമൊരുക്കി കലാകാരന്മാർ

by admin

താനെ: നവി മുംബൈയിലെ വൻ വിജയത്തിന് ശേഷം ഇന്ത്യൻ ശാസ്ത്രീയ, അർദ്ധ-ശാസ്ത്രീയ, നാടൻ നൃത്ത രൂപങ്ങളുടെ മനോഹര സംഗമമായ ‘നടനോത്സവം-4’-ന്റെ താനെ എഡിഷൻ ഒക്ടോബർ 18 ഞായറാഴ്ച അരങ്ങേറും. മീനാക്ഷി നൃത്യ വിദ്യാലയയുടെ 28-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ നൃത്തോത്സവത്തിലേക്ക് എല്ലാ നൃത്താസ്വാദകരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ഗുരു കെ.വി. രാജന്റെ ശിഷ്യന്മാർ അവതരിപ്പിക്കുന്ന ശാസ്ത്രീയ, അർദ്ധ-ശാസ്ത്രീയ നൃത്താവതരണങ്ങൾ താനെ എഡിഷനിലെ പ്രധാന ആകർഷണമായിരിക്കും. കൂടാതെ, ഗുരു ഗോവിന്ദ് ഗുപ്തയും സംഘവും അണിനിരക്കുന്ന ആവേശകരമായ ഹിപ്-ഹോപ്പ് നൃത്തവും, ഗുരു സ്വദേശ് വരംകറും സംഘവും അവതരിപ്പിക്കുന്ന പരമ്പരാഗത നാടൻ നൃത്തവും (Folk Dance) പരിപാടിക്ക് മാറ്റുകൂട്ടും.

മീനാക്ഷി നൃത്യ വിദ്യാലയയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബർ 4-ന് ഉൽവേയിലെ സിഡ്കോ ഭൂമിപുത്ര ഭവനിൽ നടന്ന ‘നടനോത്സവം-4’ ആദ്യ എഡിഷൻ കലാവസന്തം തീർത്ത് വൻ വിജയമായിരുന്നു. പ്രശസ്ത നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണന്റെ മോഹിനിയാട്ടവും ഗുരു മുക്ത ജോഷിയുടെ കഥക് നൃത്തവും ഉൾപ്പെടെ പ്രമുഖ കലാകാരന്മാരുടെ മനോഹരമായ പ്രകടനങ്ങൾ ഉൽവേയിലെ ആസ്വാദകരെ ഏറെ വിസ്മയിപ്പിച്ചിരുന്നു.

ഉൽവേയിലെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ എത്തുന്ന താനെ എഡിഷനും നൃത്താസ്വാദകർക്ക് പുതിയൊരു ദൃശ്യവിരുന്നാകും സമ്മാനിക്കുക. ദൃശ്യകലകളുടെ വിസ്മയനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ താനെയിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ കലാസ്നേഹികളെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

You may also like