മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം കനോസ കോൺവെന്റ് ഓഡിറ്റോറിയത്തിൽ പ്രൗഢഗംഭീരമായി നടന്നു. രാവിലെ വാദ്യമേളങ്ങളോടെ ആരംഭിച്ച ആഘോഷങ്ങളിൽ പരമ്പരാഗത വേഷമണിഞ്ഞ പെൺകുട്ടികൾ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലി തമ്പുരാനൊപ്പം വിശിഷ്ടാതിഥികളെ സ്വീകരിച്ചു. സമാജം ചെയർമാൻ കെ. രവീന്ദൻ, പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി സുരേന്ദ്ര ബാബു, മുഖ്യാതിഥി പ്രൊഫ. വി. മധുസൂദനൻ നായർ, എംഎൽഎ ബാലാ നാർ, ഡോ. എ.പി. ജയരാമൻ, സഖാവ് പി.ആർ. കൃഷ്ണൻ, ട്രഷറർ കെ.പി. മുകുന്ദൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ജനറൽ സെക്രട്ടറി സുരേന്ദ്ര ബാബു അതിഥികളെ സ്വാഗതം ചെയ്യുകയും സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ എംഎൽഎ ബാലാ നാർ, പ്രശസ്ത സാഹിത്യകാരൻ സി.പി. കൃഷ്ണകുമാർ, തൊഴിലാളി നേതാവ് സഖാവ് പി.ആർ. കൃഷ്ണൻ, ശാസ്ത്ര ഗവേഷകനും വാഗ്മിയുമായ ഡോ. എ.പി. ജയരാമൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. ജീവിതത്തിന്റെ സഹജമായ വീക്ഷണത്തിന്റെയും പ്രപഞ്ച നിരീക്ഷണത്തിൽ നിന്നും ഉരുത്തിരിഞ്ഞ ജ്ഞാനത്തിന്റെയും പൂക്കളമാണ് ഓണമെന്നും, ഓർമ്മകളുടെ സുഗന്ധവും ഗൃഹാതുരത്വവും സമത്വഭാവനയും നിറഞ്ഞ ആഘോഷമാണിതെന്നും മുഖ്യാതിഥിയായ പ്രൊഫ. വി. മധുസൂദനൻ നായർ പ്രസ്താവിച്ചു. തനതായ ആലാപന ശൈലിയിലൂടെ മലയാള കവിതയെ ജനകീയമാക്കിയ അദ്ദേഹം തന്റെ പ്രസിദ്ധമായ ‘നാറാണത്തുഭ്രാന്തൻ’, ‘ഇരുളിൽ മഹാനിദ്രയിൽ’ എന്നീ കവിതകൾ താളാത്മകമായി ആലപിച്ച് സദസ്സിന്റെ കൈയടി നേടി.
സമാജം ഭരണസമിതി അംഗവും നൃത്തനൃത്യങ്ങളിൽ 20 വർഷത്തിലേറെ പരിചയസമ്പത്തുള്ള പ്രശസ്ത നർത്തകിയും ശ്രുതിലയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാർട്ട്സ് ഡയറക്ടറുമായ കുമാരി അമുതാ നമ്പ്യാർ ചിട്ടപ്പെടുത്തിയ ദൃശ്യവിരുന്നുകൾ ചടങ്ങിന് മാറ്റുകൂട്ടി. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ വിജയി പ്രീതി വാര്യർ, ഫ്ലവേഴ്സ് ടോപ് സിംഗർ വിജയി ശിവശങ്കർ കൃഷ്ണൻ, ഗായകരായ അശ്വിൻ നമ്പ്യാർ, അമൃത നായർ, ശൈലേഷ് പ്രമോദ് എന്നിവരടങ്ങിയ രാഗലയയുടെ സംഗീത വിരുന്നും പരമ്പരാഗത ഓണസദ്യയും ആഘോഷങ്ങൾക്ക് നിറമേകി.

പൂക്കള മത്സരത്തിലെ വിജയികൾ, ലക്കി ഡ്രോ വിജയികൾ, അന്ധേരി മെട്രോ സ്റ്റേഷനിൽ മൂന്നു ദിവസം പൂക്കളമൊരുക്കിയ ശില്പികൾ, നൃത്ത-സംഗീത പരിപാടിയിലെ കലാകാരന്മാർ, വിശിഷ്ടാതിഥികൾ എന്നിവർക്ക് ഉപഹാരങ്ങളും മെമന്റോയും സമ്മാനിച്ചു. സമാജം ട്രഷറർ കെ.പി. മുകുന്ദൻ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. മാവേലിക്കര ശ്രീകുമാർ കാര്യപരിപാടികളുടെ ഏകോപനം സമർത്ഥമായി നിർവ്വഹിച്ചു.