​സി.ജെ.പി ജന്തർമന്ദർ പ്രക്ഷോഭം ശക്തമാക്കാൻ മഹാരാഷ്ട്രയിൽ നിന്നുള്ള യുവനേതാവ് അജങ്ക്യ ഷിൻഡെ രംഗത്ത്

by WhatsUp Mumbai

ന്യൂഡൽഹി: ഡൽഹി ജന്തർമന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രക്ഷോഭത്തിന്റെ ചുമതല മഹാരാഷ്ട്രയിൽ നിന്നുള്ള യുവനേതാവ് അജങ്ക്യ ഷിൻഡെ ഏറ്റെടുത്തു. സി.ജെ.പി നേതാവ് അഭിജിത് ദിപ്കെയും കൂട്ടുകാരും ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലായതിനെത്തുടർന്നാണ് അജങ്ക്യ ഷിൻഡെ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ രംഗത്തെത്തിയത്.

ലാത്തൂർ സ്വദേശിയായ 35 കാരനായ അജങ്ക്യ ഷിൻഡെ സി.ജെ.പിയുടെ ദേശീയ സംഘടന ഇൻ-ചാർജ് ആണ്. അന്ന ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിലും അരവിന്ദ് കെജ്‌രിവാളിന്റെ പ്രചാരണങ്ങളിലും ആകൃഷ്ടനായാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. മുൻപ് ആം ആദ്മി പാർട്ടിയുടെ (എ.എ.പി) മഹാരാഷ്ട്ര യൂത്ത് പ്രസിഡന്റായും ഗോവയിലെ സംഘടനാ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

തനിക്കും സഹപ്രവർത്തകർക്കും അറസ്റ്റുണ്ടായാൽ പ്രക്ഷോഭം അജങ്ക്യ ഷിൻഡെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അഭിജിത് ദിപ്കെ നേരത്തെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്തുന്നതിനുള്ള ‘സ്കൂൾ തിക് കരോ’ ക്യാമ്പയിനിലും അദ്ദേഹം സജീവമായി പങ്കെടുത്തിട്ടുണ്ട്. പ്രക്ഷോഭത്തിന് പുതിയ മുഖമായ അജങ്ക്യ ഷിൻഡെക്ക് സമൂഹമാധ്യമങ്ങളിലും വലിയ പിന്തുണയാണുള്ളത്.

You may also like