മുംബൈ: ആസാദ് മൈതാനത്ത് സമരം ചെയ്യാനെത്തിയ ആദിവാസി വിദ്യാർഥികളെയും എൻ.എസ്.യു.ഐ (NSUI) നേതാക്കളെയും മുംബൈ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര കോൺഗ്രസ്. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെയും നേതാക്കളെയും ഉടൻ മോചിപ്പിച്ചില്ലെങ്കിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഔദ്യോഗിക വസതിയായ ‘വർഷ’ ഉപരോധിക്കുമെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ഹർഷവർധൻ സപ്കാൾ മുന്നറിയിപ്പ് നൽകി.
നാസിക്കിൽ നിന്ന് കാൽനടയായി പ്രതിഷേധ മാർച്ച് നടത്തി മുംബൈയിലെത്തിയ ഇരുനൂറിലധികം വരുന്ന ആദിവാസി വിദ്യാർഥികൾക്ക് രാത്രി തങ്ങാനായി ദാദറിലെ കോൺഗ്രസ് ആസ്ഥാനമായ തിലക് ഭവനിൽ സൗകര്യമൊരുക്കിയിരുന്നു. എന്നാൽ, അർദ്ധരാത്രിയോടെ കോൺഗ്രസ് ഓഫീസിനുള്ളിൽ കടന്ന പോലീസ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുകയും ചെയ്തതായി ഹർഷവർധൻ സപ്കാൾ ആരോപിച്ചു.
എൻ.എസ്.യു.ഐ സംസ്ഥാന പ്രസിഡന്റ് സാഗർ സലുങ്കെ, കോൺഗ്രസ് യൂത്ത് വിങ് മുംബൈ മേധാവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തതായും കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്തതിനാലാണ് ഫഡ്നാവിസ് സർക്കാർ പോലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നതെന്നും, പോലീസിനെ മുന്നിൽ നിർത്തിയുള്ള ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും സപ്കാൾ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
അതേസമയം, പ്രക്ഷോഭം നടത്തിയ വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തുവെന്ന വാദം പോലീസ് നിഷേധിച്ചു. ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായാണ് നടപടിയെന്നും കോൺഗ്രസ് ഓഫീസിനുള്ളിൽ നിന്ന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം. ആദിവാസി ആശ്രമം സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും മോശം അവസ്ഥ പരിഹരിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ നാസിക്കിൽ നിന്ന് മുംബൈയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.