മുംബൈ: 2018-ൽ 15 വയസ്സുകാരനായ മകൻ ഹർഷാദ് മുങ്ങിമരിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കാഴ്ചപരിമിതരായ മാതാപിതാക്കൾ നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളി. മരണത്തിൽ ദുരൂഹതയോ അസ്വാഭാവികതയോ തെളിയിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അജയ് ഗാഡ്കരി, ജസ്റ്റിസ് കമൽ ഖാത എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
2018 സെപ്റ്റംബർ 2-ന് കൂട്ടുകാരന്റെ വീട്ടിലേക്ക് പോയ മകനെ കാണാതായതിനെ തുടർന്ന് സെപ്റ്റംബർ 3-ന് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ സെപ്റ്റംബർ 6-ന് കുട്ടി മുങ്ങിമരിച്ചതായി അറിയിപ്പ് ലഭിച്ചു. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ മകന്റേതല്ലെന്നും അയൽവാസി ഭീഷണിപ്പെടുത്തിയ കാര്യം പൊലീസ് അന്വേഷിച്ചില്ലെന്നും ആരോപിച്ചാണ് 100 ശതമാനം കാഴ്ചപരിമിതിയുള്ള ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, കൂട്ടുകാരുമായി കുളിക്കാൻ ഇറങ്ങിയപ്പോൾ സംഭവിച്ച അപകടമരണമാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം, കെമിക്കൽ അനലൈസർ റിപ്പോർട്ടുകളിൽ പരിക്കുകളോ വിഷാംശമോ കണ്ടെത്തിയിട്ടില്ലെന്നും ഉൾഹാസ്നഗർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഇതൊരു അപകടമരണമായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.