മണിഭവന്റെ നിശ്ശബ്ദതയിൽ ഗാന്ധിജിയുടെ ശബ്ദം: ഗാന്ധി ജയന്തിയിൽ ഒരു ഓർമ്മക്കുറിപ്പ്

by WhatsUp Mumbai

മുംബൈയുടെ തിരക്കുകൾക്കിടയിൽ ഗാവ്ദേവിയിൽ ഗാംഭീര്യമൊന്നുമില്ലാതെ നിശ്ശബ്ദമായി നിൽക്കുന്ന പഴയ വീടാണ് മണിഭവൻ. ഗാന്ധിജിയുടെ ഹൃദയം സ്പന്ദിച്ചിരുന്നയിടം. ചരിത്രത്തിന്റെ കാഹളമുഴക്കങ്ങളല്ല, മറിച്ച് മുറികളും ചുമരുകളും കോണിപ്പടികളും തുറന്നിട്ട ജനലുകളിലൂടെ വീഴുന്ന സൂര്യപ്രകാശവും പതിഞ്ഞ ശബ്ദത്തിൽ പഴയ കഥകൾ പറഞ്ഞുതരുന്ന അനുഭവമാണ് ഇവിടെയെത്തുന്ന ഏതൊരാൾക്കും സമ്മാനിക്കുന്നത്.

1917 മുതൽ 1934 വരെയുള്ള കാലഘട്ടത്തിൽ ഗാന്ധിജിയുടെ മുംബൈയിലെ പ്രവർത്തനങ്ങളുടെയും താമസത്തിന്റെയും പ്രധാന കേന്ദ്രമായിരുന്നു മണിഭവൻ. പ്രമുഖ സ്വാതന്ത്ര്യസമര നേതാക്കളെല്ലാം എത്തിച്ചേർന്ന ഈ വീട് നിരവധി കോൺഗ്രസ്സ് നേതൃത്വ യോഗങ്ങൾക്ക് സാക്ഷിയായി. നിസ്സഹകരണവും ഖാദിയും സത്യാഗ്രഹവും പോലുള്ള നിർണായക ആശയങ്ങൾ ജനജീവിതത്തിലേക്ക് പടർന്നു കയറിയത് ഇവിടുത്തെ ചർച്ചകളിൽ നിന്നാണ്.

വലിയ ചരിത്ര സംഭവങ്ങൾക്കപ്പുറം, രാജ്യത്തിന്റെ വേദന സ്വന്തം വേദനയായി ഏറ്റെടുത്ത ഒരു മനുഷ്യന്റെ ഓർമ്മകളാണ് മണിഭവൻ പങ്കുവെക്കുന്നത്. ഒരു മുറിയിലിരുന്ന് കത്തുകളെഴുതിയും ചർക്കയിൽ നൂൽനൂറ്റും അനീതിക്കെതിരെ നിലകൊണ്ട ആ ലാളിത്യവും ചിന്തകളിലെ ജനാധിപത്യവുമാണ് ഗാന്ധിജി. ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനത്തിനപ്പുറം മനുഷ്യന്റെ ഉള്ളിലെ ഭയത്തിൽ നിന്നും അസത്യത്തിൽ നിന്നും മുക്തി നേടാനുള്ള ആത്മയാത്ര കൂടിയായിരുന്നു അദ്ദേഹത്തിന്റെ സ്വാതന്ത്ര്യസമരം.

സത്യത്തിന്റെ കൈകോർത്തു നിന്ന ആ മനുഷ്യൻ ചെറുതല്ലെന്ന് മണിഭവൻ നമ്മെ ഓർമ്മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഗാന്ധിജയന്തി എന്നത് ഒരു ജന്മദിനാഘോഷത്തേക്കാൾ വലിയ അനുഭവമാകുകയും, ലോകം ആ ഓർമകൾക്ക് മുന്നിൽ ശിരസ്സ് നമിക്കുകയും ചെയ്യുന്നു. മണിഭവന്റെ വാതിൽ കടന്നുപോരുമ്പോഴും നമ്മെ അനുധാവനം ചെയ്യുന്ന ആ ചരിത്രത്തെയും, അദ്ദേഹം നമ്മിൽ ഉണർത്താൻ ശ്രമിച്ച മനുഷ്യനെയും ഈ ഗാന്ധിജയന്തിയിൽ ഓർക്കാം.

(തയ്യാറാക്കിയത്: സെബാസ്റ്റ്യൻ തയ്യൂർ)

You may also like