ലഭിച്ചത് 6 കോടിയിലേറെ രൂപ; ലാൽബാഗ്ചാ രാജയ്ക്ക് പണമായും പൊന്നായും ഒഴുകിയെത്തി ഭക്തരുടെ കാണിക്ക

by WhatsUp Mumbai

മുംബൈ: പ്രസിദ്ധമായ ലാൽബാഗ്ചാ രാജ മണ്ഡലിൽ ഈ വർഷത്തെ ഗണേശോത്സവത്തിൽ ഭക്തർ അർപ്പിച്ചത് കോടികളുടെ കാണിക്ക. 93-ാമത് ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 14 മുതൽ 28 വരെയുള്ള ദിനങ്ങളിൽ ആകെ 6,11,96,500 രൂപയാണ് (6.11 കോടിയിലേറെ രൂപ) വഞ്ചിപ്പണമായി ലാൽബാഗ്ചാ രാജയുടെ പാദങ്ങളിൽ എത്തിയത്.

പണത്തിനു പുറമേ വൻതോതിൽ സ്വർണ്ണ, വെള്ളി ആഭരണങ്ങളും മറ്റ് വസ്തുക്കളും കാണിക്കയായി ലഭിച്ചിട്ടുണ്ട്. ഇതിൽ 2 ഇരുചക്ര വാഹനങ്ങളും (ബൈക്കുകൾ) ഉൾപ്പെടുന്നു. ഭക്തർ നടയ്ക്കൽ വെച്ച ഈ സ്വർണ്ണ-വെള്ളി വസ്തുക്കളുടെയും മറ്റ് വഴിപാടുകളുടെയും പരസ്യ ലേലം ലാൽബാഗ് മാർക്കറ്റിൽ വെച്ച് നടക്കും.

പന്തലിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരങ്ങളിൽ നിന്നും വിസർജന സമയത്തുമാണ് പ്രധാനമായും സംഭാവനകൾ സ്വീകരിച്ചത്. ഗണേശോത്സവത്തിന് ശേഷം ലാൽബാഗ് മാർക്കറ്റിൽ നടക്കുന്ന ഈ ലേലത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഭക്തജനങ്ങൾ.

You may also like