കടുത്ത ചൂടിൽ വെന്തുരുകി മുംബൈ; താപനില 37 ഡിഗ്രിയിലേക്ക്, വായുനിലവാരവും വഷളാകുന്നു

by WhatsUp Mumbai

മുംബൈ: കൊടുംചൂടിൽ കാരണം പൊറുതിമുട്ടി മുംബൈ നഗരം. നഗരത്തിൽ ചൂട് വീണ്ടും കൂടുകയാണെന്നും അന്തരീക്ഷം തെളിഞ്ഞുനിൽക്കുമെങ്കിലും ആശ്വാസത്തിന് വകയില്ലെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ശനിയാഴ്ച നഗരത്തിലെ കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത. രാവിലത്തെ കുറഞ്ഞ താപനില പോലും 29 ഡിഗ്രി സെൽഷ്യസിനടുത്ത് നിന്നത് ജനങ്ങളെ വലച്ചു.

കഴിഞ്ഞ ദിവസങ്ങളിലും നഗരത്തിൽ കടുത്ത ഉഷ്ണമാണ് അനുഭവപ്പെട്ടത്. കഴിഞ്ഞയാഴ്ച താപനില സാധാരണയേക്കാൾ അഞ്ച് ഡിഗ്രിയോളം കൂടി 38.2 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു. അടുത്ത ആഴ്ചയോടെ ചൂടിൽ ചെറിയൊരു കുറവുണ്ടാകാമെങ്കിലും, വരും ദിവസങ്ങളിലും താപനില 35 ഡിഗ്രി സെൽഷ്യസിന് താഴെ താഴില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന വിവരം.

ചൂടിന് പുറമെ നഗരത്തിലെ വായുവിന്റെ ഗുണനിലവാരവും വഷളായിരിക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം നഗരത്തിലെ വായു മലിനീകരണ തോത് (AQI) 283 ആയി ഉയർന്നു.കടുത്ത ഉഷ്ണത്തോടൊപ്പം വായു മലിനീകരണവും കൂടിയാകുമ്പോൾ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് നഗരവാസികൾ.

You may also like