മുംബൈയിൽ ലോക ഹിന്ദു കോൺഗ്രസിന് വേദിയൊരുങ്ങുന്നു; 60ലേറെ രാജ്യങ്ങളിൽനിന്ന് 4,000ലേറെ പ്രതിനിധികൾ

by WhatsUp Mumbai

മുംബൈ: ലോക ഹിന്ദു കോൺഗ്രസ് (WHC) ഡിസംബർ 18 മുതൽ 20 വരെ മുംബൈ ബികെസിയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം (RSS) തലവൻ മോഹൻ ഭാഗവത് സംസാരിക്കും.

60ലേറെ രാജ്യങ്ങളിൽനിന്നായി 4,000ത്തിലേറെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഹിന്ദു നേതാക്കൾ, ചിന്തകർ, വിവിധ മേഖലകളിലെ പ്രഫഷണലുകൾ, സംഘടനാ പ്രതിനിധികൾ എന്നിവരുടെ ആഗോള സംഗമമായിരിക്കും ലോക ഹിന്ദു കോൺഗ്രസ്.

WHCയുടെ സംഘാടകനും വിശ്വഹിന്ദു പരിഷത്തിന്റെ ജോയിന്റ് ജനറൽ സെക്രട്ടറിയുമായ സ്വാമി വിജ്ഞാനാനന്ദയാണ് മുംബൈയിൽ വ്യാഴാഴ്ച വാർത്ത സമ്മേളനത്തിൽ പരിപാടിയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്. ധർമ, സമാജ്, വിശ്വകർമ, ഭാഷ എന്നീ വിഷയങ്ങളിൽ നാല് പ്രത്യേക പ്ലീനറി സെഷനുകൾ സമ്മേളനത്തിലുണ്ടാകും.

45ലേറെ സെഷനുകളിലായി 150ലേറെ പ്രഭാഷകർ പങ്കെടുക്കും. സമ്പദ്‌വ്യവസ്ഥ, രാഷ്ട്രീയം, വിദ്യാഭ്യാസം, യുവജനങ്ങൾ, ഹിന്ദു സംഘടനകൾ, വനിതകൾ, മാധ്യമം തുടങ്ങിയ മേഖലകളിലെ പ്രമുഖരും വിദഗ്ധരും പങ്കെടുക്കും.

സമ്മേളനത്തിന്റെ ഭാഗമായി വ്യാപാര-വാണിജ്യ രംഗത്തെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക വളർച്ച ലക്ഷ്യമിടുകയും ചെയ്യുന്ന വേൾഡ് ഹിന്ദു എക്സ്പോയും സംഘടിപ്പിക്കും.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, എഴുത്തുകാരനും സംവിധായകനുമായ വിശാൽ ചതുർവേദി, ഗാനരചയിതാവും തിരക്കഥാകൃത്തും കവിയുമായ മനോജ് മുന്താഷിർ, എൻഎസ്ഇ മാനേജിങ് ഡയറക്ടറും സിഇഒയുമായ ആശിഷ്കുമാർ ചൗഹാൻ, ബിഎംസി മുനിസിപ്പൽ കമ്മിഷണറും മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറുമായ അശ്വിനി ഭിഡെ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

WHC 2026 മുംബൈ സംഘാടക സമിതി ചെയർമാൻ അജയ് പിരാമൽ ആണ്. വിഷദ് മഫത്ലാൽ, മഹേഷ് ഭഗ്ചന്ദ്ക എന്നിവർ വൈസ് ചെയർമാൻമാരാണ്.

2014ൽ ന്യൂഡൽഹിയിലും 2018ൽ ഷിക്കാഗോയിലും 2023ൽ ബാങ്കോക്കിലുമാണ് ലോക ഹിന്ദു കോൺഗ്രസിന്റെ മുൻ പതിപ്പുകൾ നടന്നത്.

You may also like