നേത്രാവതി എക്സ്പ്രസ്സിൽ മലയാളി യാത്രക്കാരെ ലക്ഷ്യമിട്ട് വൻ കവർച്ച; എസി-സ്ലീപ്പർ കോച്ചുകളിൽ നിന്ന് പണവും സ്വർണ്ണവും അപഹരിച്ചു

by WhatsUp Mumbai

​മുംബൈ: കൊങ്കൺ റെയിൽവേ റൂട്ടിൽ ട്രെയിൻ യാത്രക്കാരുടെ സുരക്ഷ വീണ്ടും വലിയ ചോദ്യചിഹ്നമാകുന്നു. തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന 16346-ാം നമ്പർ നേത്രാവതി എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന മലയാളി യാത്രക്കാരാണ് ഇന്ന് പുലർച്ചെയോടെ തുടർച്ചയായ കവർച്ചയ്ക്ക് ഇരയായത്. സെക്കൻഡ് എസി, സ്ലീപ്പർ കോച്ചുകൾ കേന്ദ്രീകരിച്ചാണ് മോഷണം നടന്നത്.

എറണാകുളത്തുനിന്ന് സെക്കൻഡ് എസി (A1 – 39) കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന ലേഷ്മ പ്രദീപ്, വടകരയിൽ നിന്ന് സി.ബി.ഡി ബേലാപൂരിലേക്ക് യാത്ര ചെയ്തിരുന്ന വിനോദിനി അജിത് കുമാർ, ഇതേ ട്രെയിനിലെ സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്തിരുന്ന തൃശൂർ സ്വദേശിയായ യുവാവ് എന്നിവരുടേതടക്കം നിരവധി പേരുടെ ബാഗുകളാണ് കവർന്നത്. രാവിലെ ഉണർന്നു നോക്കിയപ്പോഴാണ് ഹാൻഡ് ബാഗുകൾ നഷ്ടപ്പെട്ട വിവരം പലരും അറിയുന്നത്.

ലേഷ്മ പ്രദീപിൽ നിന്ന് ചാർജർ, ഹെഡ്സെറ്റ്, മരുന്നുകൾ, എടിഎം കാർഡുകൾ, 1000 രൂപ എന്നിവയും വടകര സ്വദേശിനിയായ വിനോദിനിയിൽ നിന്ന് ഒരു പവൻ സ്വർണ്ണം, കുട്ടിയുടെ സ്വർണ്ണ മോതിരം, 9000 രൂപ, തിരിച്ചറിയൽ രേഖകൾ, അവശ്യമരുന്നുകൾ, മൊബൈൽ അനുബന്ധ ഉപകരണങ്ങൾ എന്നിവയുമാണ് നഷ്ടപ്പെട്ടത്. ഒരു ആർമി ഉദ്യോഗസ്ഥന്റെ ബാഗും സമാന രീതിയിൽ മോഷണം പോയിട്ടുണ്ട്. ഇവരെക്കൂടാതെ മറ്റ് ചില കോച്ചുകളിൽ കൂടി കവർച്ച നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ റെയിൽവേ പൊലീസിലും ബന്ധപ്പെട്ട അധികൃതർക്കും യാത്രക്കാർ ഔദ്യോഗികമായി പരാതി നൽകി. യാത്രാമധ്യേ കവർച്ചയ്ക്കിരയായവർക്ക് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനും തുടർ നടപടികൾക്കുമായി പൻവേൽ കെ.സി.എസ് കൺവീനർ അനിൽ കുമാർ പിള്ള, ഖൊപ്പോളി കേരള സമാജം പ്രസിഡന്റ് ഷാഹിദ് ചന്ദ്രൻ എന്നിവർ ഇടപെടുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തു. കൂടാതെ, സാമൂഹ്യ പ്രവർത്തകനും കൊങ്കൺ യാത്രാ വേദി ഭാരവാഹിയുമായ കെ വൈ സുധീർ ഈ വിഷയത്തിൽ സജീവമായി ഇടപെടുകയും പരാതിക്കാർക്ക് വേണ്ട സഹായങ്ങൾ നൽകി നടപടികൾ ഏകോപിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ മാസങ്ങളിലും കൊങ്കൺ റൂട്ടിൽ സമാനമായ രീതിയിൽ മോഷണങ്ങൾ ആവർത്തിച്ചിരുന്നു. തുടരെത്തുടരെയുണ്ടാകുന്ന ഇത്തരം സുരക്ഷാ വീഴ്ചകൾ ദീർഘദൂര യാത്രക്കാരുടെ ജീവനും സ്വത്തിനും കനത്ത ഭീഷണിയാണ് ഉയർത്തുന്നത്. അക്രമികളെ പിടികൂടാൻ അധികൃതർക്ക് സാധിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. കൊങ്കൺ റെയിൽവേ അധികൃതരും ആർ.പി.എഫും (RPF) അടിയന്തരമായി ഇടപെട്ട് റൂട്ടിൽ കർശന സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്.

You may also like