മുംബൈ നഗരസഭയുടെ (ബി.എം.സി) മനോരി ഡിസാലിനേഷൻ പ്ലാന്റ് (ശുദ്ധീകരണ പ്ലാന്റ്) പദ്ധതിക്കെതിരെ ഗോറായി, മനോരി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളും ഗ്രാമവാസികളും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് വൻ പ്രതിഷേധം സംഘടിപ്പിച്ചു. മുംബൈ സബർബൻ കളക്ടർ ഓഫീസിന് മുന്നിൽ നടന്ന മാർച്ചിൽ മുന്നൂറോളം പേരാണ് പങ്കെടുത്തത്. പ്രദേശവാസികളെ വിശ്വാസത്തിലെടുക്കാതെയും പൊതുതെളിവെടുപ്പ് നടത്താതെയുമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു.
സമരത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട 25 ബസുകളിൽ 15 എണ്ണവും പൊലീസ് തടഞ്ഞതായും ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തതായും സംഘാടകർ ആരോപിച്ചു. അഖിൽ മഹാരാഷ്ട്ര മച്ചിമാർ കൃതി സമിതി പ്രസിഡന്റ് ദേവേന്ദ്ര ടണ്ഡൽ, ഗോറായി വില്ലേജേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സ്വിറ്റ്സി ഹെൻറിക്വസ്, ബോംബെ കാത്തലിക് സഭ വക്താവ് ഡോൾഫി ഡിസൂസ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. തുടർന്ന് പ്രതിനിധി സംഘം സബർബൻ കളക്ടർ സൗരഭ് കത്യാറിനെ കണ്ട് തങ്ങളുടെ എതിർപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തെയും സമുദ്ര ആവാസവ്യവസ്ഥയെയും പദ്ധതി ഗുരുതരമായി ബാധിക്കുമെന്ന് ഗോറായി വില്ലേജേഴ്സ് വെൽഫെയർ അസോസിയേഷൻ വ്യക്തമാക്കി. ജല ചോർച്ചയും മോഷണവും തടയുന്നതിന് പകരം പ്രകൃതിയെ നശിപ്പിക്കുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. നഗരത്തിന്റെ ജലക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രതിദിനം 400 ദശലക്ഷം ലിറ്റർ (എം.എൽ.ഡി) ശുദ്ധജലം ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് മനോരി ഡിസാലിനേഷൻ പ്ലാന്റ് പദ്ധതി.