213
പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഷാമോണ്ട വൈറസ് (Shamonda virus) ബാധ മനുഷ്യനിൽ ആദ്യമായി ഫ്രാൻസിൽ സ്ഥിരീകരിച്ചു. രോഗപ്രതിരോധ ശേഷി കുറഞ്ഞ ഒരു രോഗിയാണ് വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടത്. പ്രാണികളുടെ കടിയേറ്റതിലൂടെയാകാം രോഗിക്ക് വൈറസ് ബാധിച്ചതെന്നാണ് നിഗമനം.
1960-കളിൽ നൈജീരിയയിലെ കന്നുകാലികളിൽ കണ്ടെത്തിയ ഈ വൈറസ് പ്രധാനമായും കന്നുകാലികൾ, ആടുകൾ, കുതിരകൾ എന്നിവയെയാണ് ബാധിക്കുന്നത്. കിലിക്കോയ്ഡ് മിഡ്ജുകൾ എന്ന ചെറു പ്രാണികൾ വഴിയാണ് ഇത് പ്രധാനമായും പകരുന്നത്. മനുഷ്യരിലേക്ക് വൈറസ് എത്തിയതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയും (WHO) മറ്റ് ആരോഗ്യ ഏജൻസികളും അന്വേഷണം നടത്തിവരികയാണെങ്കിലും, നിലവിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.