മുംബൈ: സോഷ്യൽ മീഡിയയിൽ ഇന്ത്യയുടെ മോശം വശങ്ങൾ മാത്രം പ്രചരിപ്പിക്കുന്ന പ്രവണതയ്ക്കെതിരെ തുറന്നടിച്ച് മുംബൈയിൽ താമസിക്കുന്ന ജാപ്പനീസ് യുവതി രംഗത്ത്. എട്ടു മാസമായി ഇന്ത്യയിൽ താമസിക്കുന്ന ഹികാരു സാൻ എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ രാജ്യത്തെക്കുറിച്ചുള്ള തൻ്റെ അനുഭവം പങ്കുവെച്ചത്. ഇന്ത്യയെക്കുറിച്ച് പോസിറ്റീവായ കാര്യങ്ങൾ തുറന്നുപറഞ്ഞ യുവതിയുടെ വാക്കുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഇന്ത്യയിലേക്ക് വരുന്നതിന് മുൻപ് അഴുക്കുനിറഞ്ഞതും സുരക്ഷിതമല്ലാത്തതുമായ നാടാണ് ഇതെന്ന് പലരും തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി ഹികാരു സാൻ വീഡിയോയിൽ പറയുന്നു. എന്നാൽ ഓരോ രാജ്യത്തിനും അതിന്റേതായ നല്ല വശങ്ങളും ചീത്ത വശങ്ങളുമുണ്ട്. ഇന്ത്യയിലെ മോശം കാര്യങ്ങൾ മാത്രം ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പണം സമ്പാദിക്കുന്ന പ്രവണത എന്തിനാണെന്ന് യുവതി ചോദ്യമുയർത്തുന്നു.നഗരത്തിന്റെ സുരക്ഷിതത്വത്തെയും ജാപ്പനീസ് യുവതി പ്രശംസിച്ചു.
ഇന്ത്യ വളരെ വലിയൊരു രാജ്യമാണെന്നും ജീവിക്കുന്ന സ്ഥലത്തിനനുസരിച്ച് അനുഭവങ്ങളിൽ മാറ്റം വരുമെന്നും ഹികാരു വ്യക്തമാക്കി. മുംബൈയിലെ സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ സംസാരിക്കുന്നത്. ഇന്ത്യയിലേക്ക് താമസം മാറിയത് കാര്യങ്ങളെ കാണുന്ന രീതി തന്നെ മാറ്റിമറിച്ചെന്നും, ഇന്ത്യ എത്രത്തോളം മനോഹരമാണെന്ന് ലോകത്തിന് കാണിച്ചു കൊടുക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും വീഡിയോയ്ക്ക് താഴെ അവർ കുറിച്ചു. വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് യുവതിയെ പിന്തുണച്ച് രംഗത്തെത്തിയത്.