മുംബൈ: സെൻട്രൽ റെയിൽവേയ്ക്ക് കീഴിലുള്ള 75 പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന കർശനമാക്കുന്നു. യാത്രാസൗകര്യങ്ങളും ശുചിത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇനിമുതൽ ഉദ്യോഗസ്ഥർ പ്രതിമാസ പരിശോധനയും സൂപ്പർവൈസർമാർ ആഴ്ചതോറുമുള്ള പരിശോധനയും നടത്തും. കണ്ടെത്തലുകളിൽ കൃത്യമായ നടപടിയെടുത്ത് പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നതുവരെ നിരീക്ഷണം തുടരാനാണ് തീരുമാനം.
സെൻട്രൽ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജരാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. സ്റ്റേഷൻതല മൾട്ടി-ഡിസിപ്ലിനറി സർവീസ് ഇംപ്രൂവ്മെന്റ് ഗ്രൂപ്പ് (SIG) പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. കുടിവെള്ള വിതരണം, ശൗചാലയങ്ങൾ, വെളിച്ചം, ഫാനുകൾ, ബെഞ്ചുകൾ, സൈൻബോർഡുകൾ, വെയ്റ്റിങ് ഹാളുകൾ, ടിക്കറ്റ് കൗണ്ടറുകൾ, കാറ്ററിങ് സൗകര്യങ്ങൾ, പ്ലാറ്റ്ഫോമുകളുടെയും പരിസരങ്ങളുടെയും ശുചിത്വം എന്നിവ പരിശോധനയിൽ ഉൾപ്പെടും.
മുംബൈ, ഭുസാവൽ, നാഗ്പൂർ, പുണെ, സോളാപ്പൂർ എന്നീ അഞ്ച് ഡിവിഷനുകളിലെ 75 സ്റ്റേഷനുകളിലാണ് കർശന പരിശോധന നടപ്പാക്കുന്നത്. പുണെ ഡിവിഷനിലാണ് ഏറ്റവും കൂടുതൽ സ്റ്റേഷനുകൾ ഉള്ളത്-21 എണ്ണം. മുംബൈയിൽ 17-ഉം ഭുസാവലിൽ 15-ഉം നാഗ്പൂരിൽ 13-ഉം സോളാപ്പൂരിൽ ഒൻപതും സ്റ്റേഷനുകൾ പട്ടികയിലുണ്ട്. സിഎസ്എംടി, ദാദർ, ഠാണെ, കല്യാൺ, ലോകമാന്യ തിലക് ടെർമിനസ്, പൻവേൽ, പുണെ, നാഗ്പൂർ, നാസിക് റോഡ്, ഭുസാവൽ, സോളാപ്പൂർ എന്നിവ ഉൾപ്പെടുന്നതാണ് പ്രധാന സ്റ്റേഷനുകൾ.
ഭിന്നശേഷിക്കാരായ (ദിവ്യാംഗ്ജൻ) യാത്രക്കാർക്കുള്ള സൗകര്യങ്ങൾക്കും പ്രത്യേക മുൻഗണന നൽകും. റാംപുകൾ, ടാക്റ്റൈൽ പാതകൾ, ലിഫ്റ്റുകൾ, താഴ്ന്ന ഉയരത്തിലുള്ള ടിക്കറ്റ് കൗണ്ടറുകൾ, വീൽചെയറുകൾ, പ്രത്യേകം സജ്ജമാക്കിയ ശൗചാലയങ്ങൾ എന്നിവ പരിശോധിക്കും. പരിശോധനാ റിപ്പോർട്ടുകൾ ഒരു ആഴ്ചയ്ക്കുള്ളിൽ എഡിആർഎമ്മിനോ ഡിആർഎമ്മിനോ സമർപ്പിക്കണം. ഓരോ പോരായ്മയ്ക്കും വകുപ്പ് തിരിച്ചുള്ള പരിഹാര തീയതി (Target Date of Completion) നിശ്ചയിച്ച് മേലധികാരികൾ സ്ഥിതിഗതികൾ വിലയിരുത്തും.
തരാതരം ആവർത്തിക്കുന്ന തകരാറുകൾ തടയാൻ പ്രത്യേക നടപടിയുണ്ടാകും. നിശ്ചിത സ്റ്റേഷനുകളുടെ ചുമതല നൽകുന്ന ‘ഗാർഡിയൻ ഓഫീസർമാർ’ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. ഗൂഗിൾ ഷീറ്റുകൾ, ഡാഷ്ബോർഡുകൾ എന്നിവ വഴി ഓൺലൈൻ വഴിയും തകരാറുകൾ പരിഹരിക്കുന്നതിന്റെ പുരോഗതി മുതിർന്ന ഉദ്യോഗസ്ഥർ നിരീക്ഷിക്കും.