മുംബൈ: ഐഐടി ബോംബെയിലെ വൻ വിഹാർ ഗസ്റ്റ് ഹൗസിൽ വച്ച് ജാതീയമായി അധിക്ഷേപിക്കുകയും ഭരണഘടനയ്ക്കും ബി.ആർ. അംബേഡ്കർക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്ത സംഭവത്തിൽ 72-കാരനെതിരെ പോലീസ് കേസെടുത്തു. മുൻ ഐഐടി ബോംബെ വിദ്യാർത്ഥിയുടെ പിതാവും ജയ്പൂർ സ്വദേശിയുമായ ശ്യാം കച്ചോലിയയ്ക്കെതിരെയാണ് പവായ് പോലീസ് കേസെടുത്തത്.
ഒക്ടോബർ 5-ന് വൈകുന്നേരം ഗസ്റ്റ് ഹൗസിലെ റിസപ്ഷനിൽ വച്ചായിരുന്നു സംഭവം. റിസപ്ഷനിസ്റ്റിനോട് സംസാരിക്കവേ ശ്യാം കച്ചോലിയ ജാതീയ അധിക്ഷേപങ്ങൾ നടത്തുകയും ഭരണഘടനയെക്കുറിച്ച് മോശം പരാമർശങ്ങൾ ആവർത്തിക്കുകയും ചെയ്തു. ജീവനക്കാർ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും അധിക്ഷേപം തുടർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ അംബേഡ്കർ പെരിയാർ ഫൂലെ സ്റ്റഡി സർക്കിൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
ഐഐടി ബോംബെയിലെ ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശ്യാം കച്ചോലിയയ്ക്ക് നോട്ടീസ് നൽകിയ ശേഷം പോലീസ് പിന്നീട് വിട്ടയച്ചു.
ഐഐടി ബോംബെ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥി സാഹിൽ വകോഡെയുടെ (22) മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഈ സംഭവം. സെപ്റ്റംബർ 18-ന് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സാഹിൽ ജാതിവിവേചനം നേരിട്ടിരുന്നതായി മാതാപിതാക്കൾ ആരോപിച്ചിരുന്നു. മുംബൈ ക്രൈംബ്രാഞ്ചാണ് ഈ കേസ് അന്വേഷിക്കുന്നത്.