ന്യൂഡൽഹി: സി.ഇ.സി – എസ്.ഐ.ആർ തർക്കത്തിൽ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയുടെ അടുത്ത നീക്കം എന്തെന്ന ചോദ്യത്തിന് സസ്പെൻസ് നിലനിർത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷത്തിന്റെ അടുത്ത നീക്കം ഇപ്പോൾ വെളിപ്പെടുത്തുന്നത് അതിന്റെ രസം കൊല്ലുമെന്നും രാജ്യത്തിന് വലിയ സർപ്രൈസുകൾ വരാനുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ഈ പോരാട്ടം അവസാനിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അത് നാളെയോ, മറ്റന്നാളോ, മൂന്നു മാസത്തിനുള്ളിലോ, അതോ രണ്ടു വർഷത്തിനുള്ളിലോ ആകാം. എങ്കിലും ഐക്യത്തോടെയും കരുത്തോടെയും ഈ സമരം മുന്നോട്ടു കൊണ്ടുപോകുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പാർട്ടികളുടെയും വിദ്യാർത്ഥി സംഘടനകളുടെയും പ്രതിനിധികൾക്കായി വസതിയിൽ ഒരുക്കിയ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.