മുംബൈ : മുംബൈയിലെ സെൻട്രൽ, വെസ്റ്റേൺ റെയിൽവേ സബർബൻ നെറ്റ്വർക്കുകളിൽ യാത്ര ചെയ്യുമ്പോൾ ഇയർഫോണില്ലാതെ ഉയർന്ന ശബ്ദത്തിൽ പാട്ടുകൾ കേൾക്കുകയോ, വീഡിയോകളും സോഷ്യൽ മീഡിയ റീൽസുകളും കാണുകയോ ചെയ്യുന്നവർക്ക് കനത്ത പിഴ. ട്രെയിനുകളിലെ ശബ്ദശല്യം തടയുന്നതിനും യാത്രക്കാരുടെ സുഖകരമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനുമാണ് റെയിൽവേ അധികൃതർ പുതിയ കർശന നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.
പുതിയ പരിശോധനാ കാമ്പെയ്ന്റെ ഭാഗമായി, ഫോൺ സ്പീക്കറിലൂടെ ഉച്ചത്തിൽ പാട്ടോ മറ്റ് ശബ്ദങ്ങളോ കേൾപ്പിച്ച് സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവർക്ക് റെയിൽവേ ജീവനക്കാർ ആദ്യം മുന്നറിയിപ്പ് നൽകും. എന്നാൽ, ജീവനക്കാരുടെ നിർദ്ദേശം അവഗണിച്ച് ഈ പ്രവൃത്തി തുടരുന്നവർക്കെതിരെ റെയിൽവേ നിയമത്തിലെ സെക്ഷൻ 145 പ്രകാരം നിയമനടപടി സ്വീകരിക്കും. റെയിൽവേ പരിസരങ്ങളിലെ ശല്യപ്പെടുത്തലുകളും മോശം പെരുമാറ്റങ്ങളും തടയാനുള്ളതാണ് ഈ വകുപ്പ്. കുറ്റത്തിൻ്റെ സ്വഭാവത്തിനനുസരിച്ച് 5,000 രൂപ വരെ പിഴയും ആറുമാസം വരെ തടവുശിക്ഷയും ലഭിക്കാൻ സാധ്യതയുണ്ട്.
തീവണ്ടികളിൽ ഉച്ചത്തിലുള്ള സംഗീതവും മൊബൈൽ സ്പീക്കറിലൂടെയുള്ള വീഡിയോകളും അമിത ശബ്ദത്തിലുള്ള സംഭാഷണങ്ങളും കർശനമായി നേരിടാൻ സതേൺ റെയിൽവേ വിവിധ ഡിവിഷനുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുംബൈയിലും സമാനമായ നടപടികൾ വരുന്നത്. പ്രാഥമികമായി ലോക്കൽ ട്രെയിനുകളിലാണ് ഈ ഡ്രൈവ് ആരംഭിക്കുന്നത്. പിന്നീട് ഇത് ദീർഘദൂര സർവീസുകളിലേക്കും വ്യാപിപ്പിച്ചേക്കാം. യാത്രയിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ യാത്രക്കാർക്ക് ടിക്കറ്റ് ചെക്കറെയോ കളക്ടറെയോ സമർപ്പിച്ച് വിവരം റിപ്പോർട്ട് ചെയ്യാം. തുടർന്ന് റെയിൽവേ ജീവനക്കാർക്ക് സംഭവത്തിൽ ഇടപെടാൻ സാധിക്കും.