മുംബൈ : മുംബൈ ഗോരേഗാവിൽ പതിനെട്ടു മാസം പ്രായമുള്ള കുട്ടി കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ പത്തുവ വയസ്സുകാരിയായ അയൽവാസിക്കെതിരെ കൊലക്കുറ്റത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ദിണ്ഡോശി പൊലീസാണ് ഈ നടുക്കുന്ന സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സംഭവദിവസം രാത്രി ആറാം നിലയിലെ ഇടനാഴിയിൽ വെച്ച് ഒരു പൂച്ചയുമായി കളിക്കുകയായിരുന്നു കൊച്ചുകുട്ടി. ഈ സമയം അവിടെയെത്തിയ പത്തുവയസ്സുകാരിയായ അയൽവാസി കുട്ടിയെ ലിഫ്റ്റിന് സമീപമുള്ള സ്റ്റെയർവെല്ലിലേക്ക് കൊണ്ടുപോവുകയും താഴേക്ക് വലിച്ചെറിയുകയുമായിരുന്നു. തുടർന്ന് പ്രതിയായ കുട്ടി അവിടെനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. കുട്ടിയെ കാണാതായതിനെ തുടർന്ന് സഹോദരൻ നടത്തിയ തെരച്ചിലിനൊടുവിലാണ് ഗുരുതര പരിക്കുകളോടെ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ഡോക്ടറുടെ അടുത്ത് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് നടത്തിയ സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയിലാണ് കുറ്റകൃത്യത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പത്തുവയസ്സുകാരി കുട്ടിയെ എടുത്ത് ഗോവണിയിലൂടെ താഴേക്ക് എറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. തങ്ങൾ താമസിക്കുന്ന ഹൗസിങ് സൊസൈറ്റിയിലേക്ക് ഈ കുടുംബം താമസം മാറിയിട്ട് രണ്ടാഴ്ച മാത്രേമായിട്ടുള്ളൂവെന്നും അമ്മ വ്യക്തമാക്കി. തുടക്കത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, പിന്നീട് അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
സംഭവത്തിന് ശേഷം പത്തുവയസ്സുകാരിയായ കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് (JJB) മുന്നിൽ ഹാജരാക്കിയിരുന്നു. കുട്ടികൾക്കായുള്ള കൗൺസിലിംഗിനും പുനരധിവാസത്തിനുമാണ് ബോർഡ് ഉത്തരവിട്ടിരിക്കുന്നത്. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.