മുംബൈ : കാന്തിവ്ലി റെയിൽവേ സ്റ്റേഷനിൽ കാലാവധി കഴിഞ്ഞ റെയിൽവേ പാസിനെച്ചൊല്ലിയുണ്ടായ തർക്കത്തിനും കൈയാങ്കളിക്കും പിന്നാലെ ചീഫ് ടിക്കറ്റ് എക്സാമിനർക്കും വനിതാ യാത്രക്കാരിക്കുമെതിരെ പരസ്പരം കേസ് എടുത്ത് ബോറിവലി ഗവൺമെന്റ് റെയിൽവേ പോലീസ് (ജി.ആർ.പി). നിലവിൽ സംഭവത്തിൽ ആർക്കും നോട്ടീസ് അയക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.
ഗോരേഗാവ് ഈസ്റ്റ് സ്വദേശിനിയായ ചീഫ് ടിക്കറ്റ് എക്സാമിനർ പ്രിയ അംബാവഡെ (49) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വനിതാ യാത്രക്കാരിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) സെക്ഷൻ 351 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം 7:30-ഓടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ കാന്റീന് സമീപം പരിശോധന നടത്തുന്നതിനിടെ, ഒക്ടോബർ 15-ന് കാലാവധി കഴിഞ്ഞ പാസ് കാണിച്ച യാത്രക്കാരിയോട് 510 രൂപ പിഴയടക്കാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. പിഴ നൽകാൻ കഴിയില്ലെന്ന് പറഞ്ഞ് ഓടാൻ ശ്രമിച്ച യാത്രക്കാരിയെ തടയുന്നതിനിടയിൽ ഉണ്ടായ കൈയാങ്കളിയിൽ ഇരുവരും നിലത്തുവീഴുകയും യാത്രക്കാരിയുടെ കുർത്ത കീറുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. പിന്നീട് ഭർത്താവുമായി തിരികെയെത്തി വനിതാ യാത്രക്കാരി തന്നോട് അധിക്ഷേപകരമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പ്രിയ അംബാവഡെ ആരോപിച്ചു.
അതേസമയം, വനിതാ യാത്രക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ടിക്കറ്റ് എക്സാമിനർ പ്രിയ അംബാവഡെയ്ക്കെതിരെ ബി.എൻ.എസ് സെക്ഷൻ 351, 324 വകുപ്പുകൾ പ്രകാരം ജി.ആർ.പി ക്രോസ് എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവസമയത്ത് പ്ലാറ്റ്ഫോമിൽ തടിച്ചുകൂടിയ യാത്രക്കാർ ടിക്കറ്റ് എക്സാമിനർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. തുടർന്ന് പോലീസ് സ്റ്റേഷനിൽ വെച്ച് പ്രിയ അംബാവഡെ യാത്രക്കാരിയോട് മാപ്പ് പറയുകയും ചെയ്തു. സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ ജി.ആർ.പി, ആർ.പി.എഫ് (ആർ.പി.എഫ്) സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ മാറ്റി സ്ഥിതിഗതികൾ ശാന്തമാക്കിയത്.