മുംബൈ: രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ 9.3 കോടി വാർഷിക യാത്രക്കാരുമായി താനെ ഒന്നാം സ്ഥാനത്ത്. 8.3 കോടി യാത്രക്കാരുമായി കല്യാൺ ജങ്ഷൻ രണ്ടാം സ്ഥാനം നേടി. 2023-24 വർഷത്തിലെ റെയിൽവേ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ഏറ്റവും തിരക്കേറിയ 100 റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിലാണ് മുംബൈ മെട്രോപൊളിറ്റൻ റീജിയണിലെ സ്റ്റേഷനുകൾ മുന്നിലെത്തിയത്.
ആദ്യ പത്ത് സ്ഥാനങ്ങളിൽ അഞ്ച് സ്റ്റേഷനുകളും മുംബൈയിൽ നിന്നുള്ളവയാണ്. ഹൗറ (6.1 കോടി) മൂന്നാം സ്ഥാനത്തും, മുംബൈ സിഎസ്എംടി (5.1 കോടി), സീൽദ (5.1 കോടി) എന്നിവ നാലും അഞ്ചും സ്ഥാനങ്ങളിലുമുണ്ട്. പൻവേൽ (4.6 കോടി) ആറാം സ്ഥാനത്തും, ന്യൂഡൽഹി (3.9 കോടി) ഏഴാം സ്ഥാനത്തും, താംബരം (3.2 കോടി) എട്ടാം സ്ഥാനത്തും, ദാദർ (3.2 കോടി) ഒൻപതാം സ്ഥാനത്തും, എം.ജി.ആർ. ചെന്നൈ സെൻട്രൽ (3.05 കോടി) പത്താം സ്ഥാനത്തുമെത്തി.
പട്ടികയിൽ മുംബൈ സെൻട്രൽ (2.2 കോടി) 16-ാം സ്ഥാനത്താണ്. തിരുപ്പതി (1.37 കോടി), കാൺപൂർ സെൻട്രൽ (1.33 കോടി), വിശാഖപട്ടണം (1.33 കോടി), ഗോരഖ്പൂർ (1.30 കോടി) എന്നിവയും പ്രമുഖ സ്ഥാനങ്ങളിലുണ്ട്. കേരളത്തിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ (1.27 കോടി), കോഴിക്കോട് (1.14 കോടി) എന്നീ സ്റ്റേഷനുകളും ആദ്യ 100 പട്ടികയിൽ ഇടംപിടിച്ചു. ഭുവനേശ്വർ (1.22 കോടി), ആനന്ദ് വിഹാർ ടെർമിനൽ (1.22 കോടി), ഭോപാൽ (1.20 കോടി), വാരണാസി (1.15 കോടി), മഥുര ജങ്ഷൻ (1.03 കോടി), കോയമ്പത്തൂർ (1.02 കോടി), നാഗ്പൂർ (1.02 കോടി), ബാന്ദ്ര ജങ്ഷൻ (1.01 കോടി) എന്നിവയാണ് പട്ടികയിലുള്ള മറ്റു പ്രധാന സ്റ്റേഷനുകൾ.
1853 ഏപ്രിൽ 16-ന് ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചർ ട്രെയിൻ സർവീസ് ഓടിയെത്തിയ ചരിത്രഭൂമിയാണ് താനെ. സുൽത്താൻ, സിന്ദ്, സാഹിബ് എന്നീ മൂന്ന് ആവി എൻജിനുകൾ വലിച്ച് ബോറി ബന്ദറിൽ (ഇപ്പോഴത്തെ മുംബൈ സിഎസ്എംടി) നിന്ന് 400 യാത്രക്കാരുമായി 34 കിലോമീറ്റർ സഞ്ചരിച്ചാണ് ആ ട്രെയിൻ താനെയിലെത്തിയത്. പിന്നീട് വ്യവസായ രംഗത്തും റിയൽ എസ്റ്റേറ്റ് രംഗത്തുമുണ്ടായ വൻ കുതിച്ചുചാട്ടമാണ് താനെയെ ഇന്നത്തെ കൂറ്റൻ റെയിൽവേ ഹബ്ബാക്കി മാറ്റിയത്.
താനെയിലെ തിരക്ക് കുറയ്ക്കുന്നതിനായി താനെക്കും മുളുണ്ടിനും ഇടയിൽ പുതിയ സബർബൻ റെയിൽവേ സ്റ്റേഷൻ നിർമ്മിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. താനെ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി റീജനൽ മെന്റൽ ഹോസ്പിറ്റലിന്റെ 14.83 ഏക്കർ ഭൂമിയിലാണ് പുതിയ സ്റ്റേഷൻ ഒരുങ്ങുന്നത്. ഘോഡ്ബന്ദർ റോഡ്, പോഖ്റാൻ റോഡ് (നമ്പർ 1, 2), വാഗ്ലെ എസ്റ്റേറ്റ് എന്നീ പ്രദേശങ്ങളിലുള്ള യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനപ്പെടും. പുതിയ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നതോടെ താനെ, മുളുണ്ട് സ്റ്റേഷനുകളിലെ തിരക്കിൽ 20 മുതൽ 25 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർദ്ദിഷ്ട സ്റ്റേഷന് ധർമ്മവീർ ആനന്ദ് ദിഗെയുടെ പേര് നൽകണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്.