പ്രശസ്ത കലാ സാംസ്കാരിക നാടക പ്രവർത്തകനും സൂര്യ ഫെസ്റ്റിവൽ സംഘാടകനുമായ സൂര്യാ കൃഷ്ണമൂർത്തിയുടെ വിയോഗത്തിൽ ബോംബെ കേരളീയ സമാജം (ബി.കെ.എസ്) അനുശോചിച്ചു. ശനിയാഴ്ച വൈകുന്നേരം സമാജത്തിൽ ചേർന്ന അനുശോചന യോഗത്തിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർപ്പണം നടന്നു.
സമാജത്തിലെ നവതി മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു. സെക്രട്ടറി എ.ആർ. ദേവദാസ്, കലാവിഭാഗം കൺവീനർ കെ. ജയരാമൻ, നാടക പ്രവർത്തകനും മുൻ സെക്രട്ടറിയുമായ പ്രേമരാജൻ നമ്പ്യാർ, ഭരണസമിതി അംഗങ്ങളായ പി. സുരേഷ് ബാബു, ജ്യോതിർമയി തുടങ്ങിയവർ അദ്ദേഹത്തെ സ്മരിച്ചു സംസാരിച്ചു.
മുംബൈയുമായി കൃഷ്ണമൂർത്തിക്കുള്ള അഭേദ്യമായ ബന്ധവും അദ്ദേഹത്തിന്റെ സന്ദർശനങ്ങളും ഇവിടുത്തെ കലാ സാംസ്കാരിക പ്രവർത്തകർക്ക് എന്നും വലിയ പ്രചോദനമായിരുന്നുവെന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു.