നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനവ് പുനഃപരിശോധിക്കണം: ഫെയ്മ മഹാരാഷ്ട്ര

by WhatsUp Mumbai

മുംബൈ: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം നിരക്കുകളിലുണ്ടായ വൻ വർധനവിൽ ശക്തമായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി ഫെയ്മ മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി. പ്രവാസി മലയാളികളുടെ ആരോഗ്യസുരക്ഷയും ക്ഷേമവും സംരക്ഷിക്കുന്നതിനായി പ്രീമിയം വർധനവ് അടിയന്തരമായി പുനഃപരിശോധിക്കണമെന്നും ഇൻഷുറൻസ് പരിരക്ഷ താങ്ങാനാവുന്ന നിരക്കിൽ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും നോർക്ക സി.ഇ.ഒയ്ക്കും നിവേദനം സമർപ്പിക്കാൻ പ്രസിഡന്റ് ജയപ്രകാശ് നായരുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റേറ്റ് കമ്മിറ്റി യോഗം തീരുമാനിച്ചു.

പ്രവാസി മലയാളികളിൽ വലിയൊരു വിഭാഗം 50 വയസ്സിന് മുകളിലുള്ളവരായതിനാൽ പ്രീമിയം നിരക്കുകളിലെ ഗണ്യമായ വർധനവ് നിരവധി കുടുംബങ്ങൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് യോഗം വിലയിരുത്തി. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏറ്റവും കൂടുതൽ ആവശ്യമായ പ്രായത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഇൻഷുറൻസ് പുതുക്കാൻ കഴിയാതിരിക്കുകയും പരിരക്ഷ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്നും യോഗം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം നോർക്കയുടെയും ഇൻഷുറൻസ് സേവനദാതാവിന്റെയും ഭാഗത്തുനിന്ന് ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിൽ നിരവധി പ്രവാസി സംഘടനകളും സാമൂഹിക പ്രവർത്തകരും ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുകയും അർഹരായ നിരവധി പ്രവാസികളെ പദ്ധതിയിൽ അംഗങ്ങളാക്കുകയും ചെയ്തിരുന്നു. പ്രവാസി സമൂഹത്തിൽ വിശ്വാസവും പ്രതീക്ഷയും വളർത്തിയ ഈ പദ്ധതിയിൽ പ്രീമിയം നിരക്കുകൾ കുത്തനെ ഉയർന്നത് നിരവധി കുടുംബങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

​ഈ സാഹചര്യത്തിൽ നിലവിലെ പ്രീമിയം നിരക്കുകൾ അടിയന്തരമായി പുനഃപരിശോധിച്ച് പ്രവാസികൾക്ക് താങ്ങാനാവുന്ന നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. കൂടാതെ, ഇൻഷുറൻസ് പുതുക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്നും പ്രീമിയം വർധനവിനെക്കുറിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ അർഹരായ പ്രവാസി കുടുംബങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ ഇടക്കാല ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് പ്രവാസി മലയാളികൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും, അവരുടെ ആരോഗ്യവും കുടുംബങ്ങളുടെ ജീവിതഭദ്രതയും സംരക്ഷിക്കുക എന്നത് പ്രവാസി ക്ഷേമപദ്ധതികളുടെ അടിസ്ഥാന ലക്ഷ്യമായിരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രവാസികളുടെ പ്രായം, സാമ്പത്തിക സാഹചര്യം, ആരോഗ്യപരിരക്ഷയുടെ ആവശ്യകത എന്നിവ പരിഗണിക്കാതെ പ്രീമിയം നിരക്കുകളിൽ വലിയ വർധനവ് വരുത്തുന്നത് സാധാരണക്കാരായ പ്രവാസി കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും. അതിനാൽ പ്രവാസി കുടുംബങ്ങളുടെ ആശങ്കകൾ ഗൗരവമായി പരിഗണിച്ച് കേരള സർക്കാരും നോർക്കയും അടിയന്തരമായി ഇടപെട്ട് നീതിയുക്തവും പ്രായോഗികവുമായ പരിഹാരം കണ്ടെത്തണമെന്ന് ഫെയ്മ മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി അഭ്യർഥിച്ചു.

യോഗത്തിൽ ഫെയ്മ മഹാരാഷ്ട്ര സ്റ്റേറ്റ് വൈസ് പ്രസിഡന്റുമാരായ ടി.ജി. സുരേഷ്കുമാർ, അനൂ ബി നായർ, സംസ്ഥാന ട്രഷറർ ഉണ്ണി വി. ജോർജ്, ജോയിന്റ് സെക്രട്ടറിമാരായ രാജീവ് പണിക്കർ, രാധാകൃഷ്ണ പിള്ള, വെൽഫെയർ സെൽ ചെയർമാൻ ഷൈൻ പാലമൂട്ടിൽ, കൺവീനർ കെ.വി. ജോൺസൺ തുടങ്ങിയവരും മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി നേതാക്കളും പങ്കെടുത്ത് വിഷയത്തിൽ ആശങ്കയും അഭിപ്രായങ്ങളും രേഖപ്പെടുത്തി.

You may also like